പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി.

കൊച്ചി: ഭാരത് മാതാ കോളെജിലെ മോർഫിംഗ് കേസിൽ അന്വേഷണം പൂർവവിദ്യാർത്ഥികളിലേക്കും. കോളജിന് പുറത്തുള്ളവരും റഡാറിലുണ്ട്. കോളേജിലുള്ളവർക്ക് പുറമേ ബന്ധുക്കളുടെ അടക്കം ചിത്രം പ്രതി ശ്രീഹരി മോർഫ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ചിത്രങ്ങൾ പണത്തിനായി വിറ്റതായി കണ്ടെത്താനായാട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാരത് മാതാ കോളെജിലെ മോർഫിംഗ് കേസിൽ ശ്രീഹരി മാത്രമല്ല കൂടുതൽ പേരുണ്ടെന്ന് തുടക്കം മുതൽ പറയുന്നു വിദ്യാർത്ഥികൾ.

പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളും ഇത് ശരിവയ്ക്കുന്നു. അന്വേഷണ റഡാർ പൂർവവിദ്യാർത്ഥികളിലേക്കും കോളെജിന് പുറത്തുള്ളവരിലേക്കും നീളുന്നതായി അന്വേഷണ ചുമതലയുള്ള തൃക്കാക്കര എസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളെജിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാത്രമല്ല, ബന്ധുക്കളുടെ ചിത്രങ്ങളും ശ്രീഹരി മോർഫ് ചെയ്തെന്ന് പൊലീസ്. സാമ്പത്തിക ലാഭത്തിനായാണ് ചിത്രങ്ങൾ മോർഫ് ചെയ്തതെന്നതിന് നിലവിൽ തെളിവുകൾ ഇല്ല.

നാലഞ്ച് പേരുള്ള രഹസ്യ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. മറ്റുള്ളവർ ആരൊക്കെ എന്ന് അന്വേഷണം തുടരുകയാണ്. മറ്റ് കോളെജുകളിൽ ഇത്തരം സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രം പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ, ഭാരത് മാതാ കോളെജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി ശ്രീഹരിയെ പിടികൂടിയത് വ്യാഴാഴ്ചയാണ്. ശ്രീഹരി ഇപ്പോൾ റിമാന്റിലാണ്.

YouTube video player