രണ്ടു വർഷവും എട്ട് മാസവും സമർഥമായി മറച്ചുവയ്ക്കപ്പെട്ട കൊലപാതകത്തിൻ്റെ തെളിവുകളാണ് അസ്ഥി കഷ്ണങ്ങളായി ഭാരതിപുരം പളളി മേലതിൽ വീടിനു സമീപത്തെ കുഴിയിൽ നിന്ന് പുറത്തു വന്നത്. കൊല്ലപ്പെട്ട ഷാജിയുടെ അരയോളം ഭാഗത്തിൻ്റെ അവശിഷ്ടം പ്ലാസ്റ്റിക് ചാക്കിനുളളിലായിരുന്നു.

കൊല്ലം: കൊല്ലം ഭാരതീപുരത്ത് സഹോദരനും അമ്മയും ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചിട്ടയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിനു സമീപത്തെ കുഴിയില്‍ നിന്ന് രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കൊല്ലപ്പെട്ട ഷാജിയുടെ അസ്ഥികള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറി.

രണ്ടു വർഷവും എട്ട് മാസവും സമർഥമായി മറച്ചുവയ്ക്കപ്പെട്ട കൊലപാതകത്തിൻ്റെ തെളിവുകളാണ് അസ്ഥി കഷ്ണങ്ങളായി ഭാരതിപുരം പളളി മേലതിൽ വീടിനു സമീപത്തെ കുഴിയിൽ നിന്ന് പുറത്തു വന്നത്. കൊല്ലപ്പെട്ട ഷാജിയുടെ അരയോളം ഭാഗത്തിൻ്റെ അവശിഷ്ടം പ്ലാസ്റ്റിക് ചാക്കിനുളളിലായിരുന്നു. കാല്‍ഭാഗം ചാക്കിനു പുറത്തും. ആദ്യം കാല്‍ഭാഗത്തെ അസ്ഥിക്കഷണങ്ങളാണ് കിട്ടിയത്. തുടര്‍ന്ന് ബാക്കി ശരീരഭാഗത്തിന്‍റെ അസ്ഥികൂടവും കിട്ടി. കുഴിയില്‍ നിന്ന് കുരിശ് രൂപവും കണ്ടെടുത്തു.

2018ലെ തിരുവോണനാളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഷാജിയെ കൊന്നതെന്നും രാത്രി ഏഴരയോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ഷാജിയുടെ സഹോദരന്‍ ഷജിന്‍ പീറ്ററും അമ്മ പൊന്നമ്മയും മൊഴി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും പുറമേ കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരും.

ശരീര അവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട ഷാജിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനുളള ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.