കൊച്ചി: ഭീമ ജ്വല്ലറിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ. കേരള ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി പ്രകാരം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഇതിനെ നിയന്ത്രിക്കാനാവൂവെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ നിലപാട് തേടി. 

ഹര്‍ജി രണ്ട്  ആഴ്ച്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും  കോടതി അഭിപ്രായപ്പെട്ടു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഭീമക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണം, പ്രചരണങ്ങള്‍ തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഭീമ ജ്വല്ലറി ഉടമ ഹൈക്കോടതിയെ സമീപിച്ചത്.