Asianet News MalayalamAsianet News Malayalam

Bichu Thirumala: ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീർത്തത് ഹിറ്റ് പരമ്പരകൾ.

Bichu Thirumala noted lyricist is no more
Author
Trivandrum, First Published Nov 26, 2021, 6:32 AM IST

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്. 

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി. 

1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല.

നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയിൽ നിന്നു പിറന്നു.

ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകർക്കുമൊപ്പം പ്രവർത്തിച്ച ബിച്ചു തിരുമല 70 ലും 80 ലും തീർത്തത് പാട്ടുകളുടെ പുതുവസന്തം. ഈണങ്ങൾക്കനുസരിച്ച് അർത്ഥഭംഗി ഒട്ടും ചോരാതെ സന്ദർഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്‍റെ പ്രധാന സവിശേഷത.

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീർത്തത് ഹിറ്റ് പരമ്പരകൾ. കുഞ്ഞ് ഉറങ്ങണമെങ്കിൽ ബിച്ചുവിൻറെ പാട്ട് നിർബന്ധമാകും വിധം തീർത്തത് താരാട്ടുപാട്ടുകളുടെ വിസ്മയം

1994ൽ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുൽക്കൂട് ഒരുക്കാൻ വീടിൻ്റെ സൺഷേഡിൽ കയറി വീണ ബിച്ചുവിൻ്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ട്. ഡോക്ടർമാർ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താൻ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല. എ ആർ റഹ്മാൻ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്. 

മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പർഹിറ്റായ ലളിതഗാനങ്ങൾ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ൽ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് വാമദേവന്‍ പുരസ്ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശൻ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍. 

വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട. 

Follow Us:
Download App:
  • android
  • ios