ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയില്‍ സമീപിച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയില്‍ സമീപിച്ചു. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ നിയമപോരാട്ടമാണ് സുപ്രീംകോടതിയുടെ പടികയറുന്നത്. കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെ കേസില്‍ നീലലോഹിതദാസന്‍ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നീലലോഹിതദാസന്‍ നാടാരുടെ അപ്പീലില്‍ ജില്ലാ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരേയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു അധികാരസ്ഥാനത്തിരുന്ന വ്യക്തിയാണ് തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്, ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടായിട്ട് തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരി അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്.


