തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ. ഇതിന്‍റെ ഭാഗമായി   പൊലീസ് മേധാവിക്കു കീഴിൽ ക്രമസമാധാന ചുമതലയ്ക്ക് മാത്രമായി ഓപ്പറേഷൻ എഡിജിപിയെന്ന പുതിയ തസ്തികയുണ്ടാക്കി. പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഡിജിപിയുടെ ശുപാർശ മന്ത്രിസഭാ പരിഗണിച്ചില്ല. വി എസ്  അച്യുതാനന്ദൻ സർക്കാർ പൊലീസ് ഘടനയിൽകൊണ്ടുവന്ന മാറ്റമാണ് പിണറായി സർക്കാർ തിരുത്തിയത്.  

ഇതുവരെ ക്രമസമാധാന ചുമതല വടക്കും തെക്കും മേഖലകളായി വിഭജിച്ച് രണ്ട് എഡിപിമാർക്കായിരുന്നു. ഇതുമാറ്റി  ഓപ്പറേഷൻ എഡിജിപിയെന്ന തസ്തികയിൽ ഒരു ഉദ്യോഗസ്ഥന് മാത്രമായിരക്കും ഇനി ക്രമസമാധാന ചുമതല.  ഇതിന് താഴെ രണ്ടുമേഖലകളുടെ ചുമതല ഐജിമാർക്ക് നൽകും. ഐജിമാർക്കുണ്ടായിരുന്ന തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ റെയ്ഞ്ചുകളുടെ ചുമതല ഡിഐജിമാർക്കും നൽകാനാണ് തീരുമാനം. ഇതോടെ ക്രമസമധാന ചുമതലയിൽ ഒരു എഡിജിപി തസ്തികയും രണ്ട് ഐജി തസ്തികയും ഇല്ലാതായി.

ഇതു കൂടി നിലവിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കമ്മീഷണർ‍മാർ ഡിഐജി  റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥർ മേഖല ഐജിമാരുടെ നേരിട്ടുള്ള കീഴിൽ വരും. ക്രമസമാധാന മേൽനോട്ടം കാര്യക്ഷമമാക്കാൻ നടപടി വേണണെന്ന ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ തീരുമാനം. അതേ സമയം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കളക്ടറുടെ  അധികാരത്തോടെയുള്ള കമ്മീഷണറേറ്റ് സ്ഥാനമാക്കണമെന്ന ശുപാർശ മന്ത്രിസഭ പരിഗണിച്ചില്ല. ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത എതിപ്പാണ് കമ്മീഷണറേറ്റ് തീരുമാനം വൈകാൻ കാരണം.