മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തെ ചൊല്ലിയുള്ള തർക്കമാണ് സെക്രട്ടറേറിയറ്റ് എംപ്ലായിസ് അസോസിയേഷനിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. ഇതിൽ പിണറായി വിജയന് തന്നെ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലായിസ് അസോസിയേഷനിൽ പൊട്ടിത്തെറി. വിമത വിഭാഗത്തിനാണ് മുഖ്യന്ത്രിയുടെ ഓഫീസിൽ സ്വാധീനം കൂടുതലെന്നാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ പ്രധാന പരാതി. സംഘടന നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുപ്പിക്കില്ലെന്ന് ഭാരവാഹികള്‍ തന്നെ പറയുന്നു. ഇതിന് കാരണക്കാരൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണെന്നാണ് സംഘടനയുടെ ആരോപണം.

അസോസിയേഷൻറ എതിപ്പ് മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ ജോയിൻറെ് സെക്രട്ടറിയായി നിയമിച്ച ആർ.അജയനെ കീഴദ്യോഗസ്ഥർ ചേർന്ന് സ്ഥലം മാറ്റാൻ ശ്രമിച്ചതാണ് ഭിന്നത രൂക്ഷമാകാനുള്ള കാരണം. അജയൻ അവധിയിലായിരുന്ന ദിവസം ജോയിൻറ് സെക്രട്ടറിയുടെ കീഴിലുള്ള അസോസിയേഷൻ ഭാരവാഹികളായ മൂന്നു ഉദ്യോഗസ്ഥർ ചേർന്ന് പൊതുഭരണവകുപ്പിലെ സ്ഥലമാറ്റപട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകി. ഇതിൽ അജയന്‍റെ സ്ഥലമാറ്റവും ഉള്‍പ്പെടുത്തിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പൊതുഭരണ സെക്രട്ടറി പോലുമറിയാതെ പട്ടിക നൽകിയ മൂന്നു സംഘടന നേതാക്കളെയും വകുപ്പിൽ നിന്നുമാറ്റാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. 

അതിന് പിന്നാലെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സഹകരണ സംഘം പ്രസിഡന്‍റും പൊതുഭരണ വകുപ്പിലെ ജോയിൻറ് സെക്രട്ടറിയുമായ ആർ.അജയനെ സംഘടനയിൽ നിന്നും പുറത്താക്കി. പോയി പണി നോക്കണം മിസ്റ്റർ എന്ന തലകെട്ടോടെ പൊതുഭരണ സെക്രട്ടറിക്കെതിരെ അസോസിയേഷൻ നോട്ടീസും വിതരണം ചെയ്തു. കോണ്‍ഗ്രസ് അനുകൂല ജീവനക്കാർ‍ ഹൗസിംഗ് സഹകരണ സംഘത്തിൽ നടത്തിയ അഴിമതി ബിശ്വനാഥ് സിൻഹയും അജയനും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തിനാണ് മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റിയതെന്നും ഔദ്യോഗികവിഭാഗം ആരോപിക്കുന്നു

സംഘടനയുടെ കടുത്ത് എതിര്‍പ്പിനെ തുടർന്ന് മുന്പ് സ്ഥലം മാറ്റിയ സിൻഹയെ ഒരു മാസം മുന്പ് പൊതുഭരണ വകുപ്പിൽ വീണ്ടും മുഖ്യമന്ത്രി മുൻകയ്യെടുത്താണ് നിയമിച്ചത്. പ്രശ്നത്തിൽ ഇടപടെണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി