കൊച്ചി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കായി വാക്‌സിനുകള്‍ വാങ്ങി വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഭാരത് ബയോടെക്കില്‍ നിന്ന് നേരിട്ടാണ് സിന്തൈറ്റ് ഗ്രൂപ്പും വി ഗാര്‍ഡുമടക്കമുള്ള കമ്പനികള്‍ വാക്‌സിനുകള്‍ വാങ്ങാനൊരുങ്ങുന്നത്

വ്യവസായ സ്ഥാപനങ്ങളില്‍ കൊവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ വാക്‌സീന്‍ ഭാരത് ബയോടെക്കില്‍ നിന്ന് വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്റെ അമ്പത് ശതമാനം ഉല്‍പാദകര്‍ക്ക് പൊതുവിപണിയില്‍ വില്‍ക്കാമെന്ന കേന്ദ്ര നയം വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് ആശ്വാസകരമായ സാഹചര്യമുണ്ടായത്. സിന്തൈറ്റ് ഗ്രൂപ്പ് വാങ്ങുന്ന 5000 ഡോസ് വാക്‌സിനില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ ശേഷമുള്ളത് കോലഞ്ചേരി പഞ്ചായത്ത് പരിധിയിലെ അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കും. 

ആദ്യഘട്ടത്തിലെത്തുന്ന 2500 വാക്സിനുകള്‍ സിന്തൈറ്റ് ഗ്രൂപ്പ് കോലഞ്ചേരി എംഒഎസി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് നല്‍കുക. ഇതിനായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. വി ഗാര്‍ഡ് അടക്കമുള്ള കമ്പനികളും ജീവനക്കാര്‍ക്കായി വാകസീന്‍ വാങ്ങി തൊഴില്‍ സാഹചര്യം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. മിക്ക സ്ഥാപനങ്ങളും സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഇതാനായുള്ള പണം ചെലവഴിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona