ചെണ്ടയുടെ അടിഭാഗം അഥവാ മന്ദം മോശമാണ്.ഏഴടുക്ക് തുകലിന് പകരം രണ്ടടുക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.തുകലിന് നിലവാരം ഇല്ല.നിര്‍മ്മാണ രീതി മോശപ്പെട്ടത്. ചെണ്ട വാങ്ങിയപ്പോള്‍ വിദഗ്ധന്‍റെ അഭിപ്രായം തേടിയില്ല.എന്നിങ്ങനെ പോകുന്നു കണ്ടെത്തലുകള്‍

തിരുവനന്തപുരം: പെരിങ്ങമലയില്‍ ആദിവാസികള്‍ക്ക് (tribals)ഗുണനിലവാരം കുറഞ്ഞ ചെണ്ടകള്‍(chenda) നല്‍കിയതില്‍ വൻ ക്രമക്കേടെന്ന് (corruption)അന്വേഷണ റിപ്പോര്‍ട്ട്. ഗുണമേൻമ കുറഞ്ഞ തടിയിലും തുകലിലുമാണ് ചെണ്ട നിര്‍മ്മിച്ചതെന്ന് പട്ടിക വര്‍ഗ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ചെണ്ടകള്‍ നല്‍കി ആദിവാസികളെ പറ്റിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലാണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറ് ലക്ഷം രൂപാ അനുവദിച്ചത്.പെരിങ്ങമല പോട്ടമാവ് ആദിവാസി കോളനിയിലെ വനിതകള്‍ക്ക് കിട്ടിയ ഒൻപത് ചെണ്ടയും ഈ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ പൊട്ടിപ്പൊളിഞ്ഞതായിരുന്നു. നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം ആണ് ചെണ്ടകള്‍ വാങ്ങി നല്‍കിയത്.ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒരു ചെണ്ട വിദഗ്ധനുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്ത് വന്നത്.അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെ.ചെണ്ടയുടെ അടിഭാഗം അഥവാ മന്ദം മോശമാണ്.ഏഴടുക്ക് തുകലിന് പകരം രണ്ടടുക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.തുകലിന് നിലവാരം ഇല്ല.നിര്‍മ്മാണ രീതി മോശപ്പെട്ടത്. ചെണ്ട വാങ്ങിയപ്പോള്‍ വിദഗ്ധന്‍റെ അഭിപ്രായം തേടിയില്ല.എന്നിങ്ങനെ പോകുന്നു കണ്ടെത്തലുകള്‍.

അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പ്രോജക്ട് ഓഫീസറായ റഹീമില്‍ നിന്നും ഡയറക്ടര്‍ വിശദീകരണം തേടി. അന്വേഷണം മുന്നില്‍ കണ്ട് റഹീം പൊളിഞ്ഞ ചെണ്ട മാറ്റി പുതിയ വാങ്ങി നല്‍കിയിരുന്നു.അതേസമയം ചെണ്ടകള്‍ക്ക് ഗുണനിലവാരം ഉണ്ടെന്നും ആദിവാസി വനിതകള്‍ വാടകയ്ക്ക് കൊടുത്തത് കൊണ്ടാണ് ചെണ്ട പൊട്ടാൻ കാരണമെന്ന പോട്ടമാവ് ഊരുമൂപ്പന്‍റെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാണ്

പത്തനം തിട്ടയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത കേസ്.മലയടിയിലെ തയ്യല്‍ പരിശീലനത്തിലെ ക്രമക്കേട്.ഒടുവില്‍ ചെണ്ടയിലെ അഴിമതി.ഇത്രയൊക്കെയായിട്ടും നെടുമങ്ങാട് ട്രൈബല്‍ പ്രോജക്ട് ഓഫീസര്‍ക്ക് സര്‍ക്കാര്‍ വക സംരക്ഷണം തുടരുകയാണ്.


Old Report: 'ഒന്ന് തൊട്ടാൽ പൊട്ടുന്ന ചെണ്ട', ആദിവാസി ഫണ്ടിൽ വാങ്ങിയ വാദ്യോപകരണങ്ങള്‍ ഒരു മാസത്തിൽ നശിച്ചു, ക്രമക്കേട്

ആറുലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (District Panchayat Office Thiruvananthapuram) വാങ്ങി നൽകിയ ചെണ്ടകൾ ഒരുമാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോൾ ചെണ്ടകൾ തകർന്നതോടെ കലാമേളകളിൽ പോലും പങ്കെടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് ആദിവാസി സ്ത്രീകൾ (Tribal Women). തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറുലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്.

തനിമ ഗോത്ര കലാവേദി, ശംഖൊലി കലാസമിതി, ശ്രിഭദ്ര കലാസമിതി എന്നിവര്‍ക്കായി 24 തരം വാദ്യോപകരങ്ങള്‍ നെടുമങ്ങാട് പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍ വാങ്ങി. ഉപയോഗിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ ഉപകരണങ്ങള്‍ നശിച്ചു. ഉപകരണങ്ങള്‍ വിണ്ടുകീറി. പൂപ്പലുണ്ടായെന്നും വെയിലത്ത് വെച്ചാണ് പൂപ്പല് കളഞ്ഞതെന്നും ഇവര്‍ പറഞ്ഞു. മൂന്ന് സംഘങ്ങളിലായി ആകെ 50 വനിതകളാണുള്ളത്. തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചാണ് വാദ്യകല പഠിച്ചത്. ചെണ്ട കേടായതോടെ ആരും ഇവരെ പരിപാടികള്‍ക്ക് വിളിക്കുന്നില്ല. ഒരു വര്‍ഷമായി വരുമാനമില്ല. ഇനി ചെണ്ട നന്നാക്കണമെങ്കില്‍ ഒന്നിന് പതിനായിരം രൂപ വേണം. ആദിവാസി വനിതകള്‍ മുഖ്യമന്ത്രിക്കും പട്ടിക വര്‍ഗ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വച്ചത് കൊണ്ടാണ് ചെണ്ട പൊട്ടിയതെന്നാണ് പട്ടിക വര്‍ഗ പ്രോജക്ട് ഓഫീസറിന്‍റെ ഇക്കാര്യത്തിലെ വിശദീകരണം.