2009-ല്‍ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്. 

തിരുവനന്തപുരം: ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗൺസിൽ പ്രതിഷേധം ശക്തമാക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പ്രതിനിധി സംഘം നിവേദനം നല്‍കി. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ തലസ്ഥാന നഗരം മണിക്കൂറുകളോളം സ്തംഭിച്ചു.

2009-ല്‍ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്. ഇടവക പൊതുയഗം വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

എന്നാല്‍ സഭയെ നിയന്ത്രിക്കുന്ന മതമേലധ്യക്ഷന്‍മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബില്ല് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. പള്ളികളുടെ സ്വത്തും വരുമാനവും, വിശ്വാസികളേയും ചൂഷണം ചെയ്യുന്നവരെ നിയന്ത്രിക്കാനുള്ള ബില്ല് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ കേരള ചർച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്വാമി അഗ്നിവശമടക്കമുള്ളവര്‍ സഹന സമരത്തിന് ആശംസയുമായെത്തി. അതേ സമയം ചര്‍ച്ച് ആക്ടിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തി. നിലവിലെ സിവിൽ നിയമം പാലിച്ചുകൊണ്ടാണ് സഭ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പുതിയ നിയമം ആവശ്യമില്ലെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.