വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം വേണമെങ്കിൽ അതും തരാമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

ദില്ലി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ചതിൽ സന്തോഷം അറിയില്ലെങ്കിലും ചര്‍ച്ചയായി കെ വേണുഗോപാലിന്‍റെ ഒരു പ്രതികരണം. വി ഡിയെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം പോകാറായപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമങ്ങളിൽ നിന്ന് ചോദ്യം വന്നു. അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ് നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെസി പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തന്നെ പിന്തുണച്ചവരും ഈ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും വേണുഗോപാൽ പ്രതികരിച്ചു. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിന് വേണുഗോപാൽ മറുപടി പറഞ്ഞില്ല.