മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്‍റെ മറവിൽ വാങ്ങിയ തലവരിപ്പണം ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം മുക്കിയെന്നാണ് പുതിയ ഭരണ സമിതിയുടെ ആരോപണം. തെളിവുകൾ ഹാജരാക്കിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതെ സര്‍ക്കാര്‍. 

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണത്തെ ചൊല്ലി സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ പൊട്ടിത്തെറി . തലവരിപ്പണമായി വാങ്ങിയ കോടികള്‍ ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്നാണ് പുതിയ ഭരണ സമിതിയുടെ ആരോപണം.

 മെഡിക്കൽ സീറ്റിന് വിദ്യാര്‍ത്ഥികൾ മുൻകൂര്‍ നൽകിയ തലവരിപ്പണം തിരിച്ച് കൊടുക്കാമെന്ന് ബിഷപ്പ് ധര്‍മ്മരാജ് റസാലം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് എഴുതി നൽകിയ കാര്യം വൈദിക സമിതിയോഗത്തിൽ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയർമാൻ ഡോ ആർ ജ്ഞാനദാസ് തന്നെ വിശദമാക്കിയതോടെയാണ് കോടികൾ മറിഞ്ഞ കള്ളപ്പണ ഇടപാടിന്‍റെ ചുരുളഴിയുന്നത്,

"ബിഷപ്പ് പണം നൽകാമെന്ന് എഴുതി നൽകിയതോടെ കള്ളപ്പണം വെളുത്തു. സർക്കാരിന് മുന്നിൽ ഇനി ഈ പണം അക്കൗണ്ടബിള്‍ ആണ്. സ്ഥാപനത്തിൽ തലവരി വാങ്ങുമെന്ന് പുറത്തിറഞ്ഞതോടെ ഇനി സ്ഥാപനത്തിൻറെ സ്ഥിതി എന്താകും... എന്നാണ് ഡോ ആർ ജ്ഞാനദാസ് വൈദിക സമിതിയോഗത്തിൽ പറഞ്ഞത്. 

കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റുകള്‍ കിട്ടാതിരുന്ന വിദ്യാത്ഥികള്‍ മുൻകൂർ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ട് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പണം തിരികെ നല്‍കാമെന്ന് ബിഷപ്പ് എഴുതി നല്‍കിയത്. വിദ്യാർത്ഥികള്‍ക്കുള്ള ഏഴരക്കോടി രൂപ 12 മാസത്തിനുള്ളിൽ തിരികെ നല്‍കാമെന്നാണ് ബിഷപ്പ് ഉറപ്പ് നൽകിയത്. 

സമാന്തര അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും ബിഷപ്പ് കമ്മിഷനോട് വെളിപ്പെടുത്തിയിരുന്നു . ഈ സമാന്തര അക്കൗണ്ടിനെ ചൊല്ലിയാണ് ഇപ്പോൾ സി എസ് ഐ സഭയിൽ ഏറ്റമുട്ടൽ. സമാന്തര അക്കൗണ്ട് കൈകാര്യം ചെയ്തത് ആരെന്ന് ചോദ്യമാണ് പുതിയ ഭരണസമിതി ഉയര്‍ത്തുന്നത് . കാരക്കോണം കോളജിലെ ഓഡിറ്റിൽ തലവരിപ്പണം വാങ്ങിയതടക്കം 28 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായും പുതിയ ഭരണസമിതി പറയുന്നു.

മെഡിക്കൽ സീറ്റ് തട്ടിപ്പിൽ മുൻ ഡയറക്ടർ ജെ ബെനറ്റ് എബ്രാഹം, പി തങ്കരാജ്, മുൻ പ്രിൻസിപ്പാൾ ഡോ പി മധുസൂദനൻ, തുടങ്ങിയവര്‍ക്കെതിരെ രണ്ട് കേസുകള്‍ വർക്കല, വെള്ളറട പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട് . കേസുകള്‍ സർക്കാർ അട്ടിമറക്കുകയാണെന്നും ഭരണസിതി ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിഷപ്പ് ധർമ്മരാജ് റസാലം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്