എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്.
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടും. പെരുമ്പാമ്പ് മരത്തിലേക്ക് ഇഴഞ്ഞു കയറുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. മരത്തിന്‍റെ ഏറ്റവും മുകളിലാണ് പെരുമ്പാമ്പുള്ളത്. കാക്കകളെത്തി പാമ്പിനെ കൊത്തുന്നുണ്ട്. ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കൻ മലവെള്ളത്തിൽ ഒഴുകിവരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരുമ്പാമ്പിനെ ഇവിടങ്ങളിൽ കാണാറുണ്ട്. എന്നാൽ ഇത്ര വലിയെ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരത്തിൽ നിന്ന് പാമ്പ് താഴെയിറങ്ങുമോ എന്നും പരിശോധിക്കുന്നുണ്ട്. ഒഴുക്കിൽപെട്ട് എത്തിയതാകാം എന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു. പിടികൂടി വനമേഖലയിൽ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.


