തെളിമയോടെ ഒളംവെട്ടിയിരുന്ന കായലിന് ദിവസങ്ങളോളം ചോരയുടെ നിറമായിരുന്നെന്ന് പെരുമണ്‍കാര്‍ ഓര്‍ക്കുന്നു. അവസാനത്തെ മൃതദേഹവും കരക്കെത്തിക്കാന്‍ അഞ്ച് ദിവസമെടുത്തു. 

കൊല്ലം: പെരുമണ്‍ തീവണ്ടി ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 36 വയസ്. 105 ജീവനുകളാണ് അന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിന്‍റെ ആഴങ്ങളില്‍ പൊലിഞ്ഞത്. മഴയ്ക്കൊപ്പം മരണം പെയ്തിറങ്ങിയ ആ ദിവസം പെരുമണ്‍കാരുടെ മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്.

ർബെംഗളൂരു- കന്യാകുമാരി ഐലന്‍റ് എക്സ്പ്രസാണ് 36 കൊല്ലം മുമ്പ് ഇതുപോലൊരു ജൂലൈ 8ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. ഒരുപാട് മനുഷ്യരുടെ യാത്ര അന്ന് പാതിവഴിയില്‍ അവസാനിച്ചു. നിമിഷ നേരം കൊണ്ടാണ് ബോഗികള്‍ ഒന്നിനു പിറകെ ഒന്നായി അഷ്ടമുടിക്കായലിലേക്ക് പാളംതെറ്റി വീണത്. ഓടിയെത്തിയ പെരുമണിലെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിവച്ചു. പിന്നാലെ സര്‍വ്വ സന്നാഹങ്ങളും പെരുമണിലെത്തി. ഇരുന്നൂറിലേറെ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 

പക്ഷേ 105 പേരുടെ ജീവന്‍ ദുരന്തം കവര്‍ന്നു. ശാന്തമായി ഒഴുകിയിരുന്ന അഷ്ടമുടി അന്ന് നിലവിളികള്‍ കേട്ട് കലങ്ങിമറിഞ്ഞു. തെളിമയോടെ ഒളംവെട്ടിയിരുന്ന കായലിന് ദിവസങ്ങളോളം ചോരയുടെ നിറമായിരുന്നെന്ന് പെരുമണ്‍കാര്‍ ഓര്‍ക്കുന്നു. അവസാനത്തെ മൃതദേഹവും കരക്കെത്തിക്കാന്‍ അഞ്ച് ദിവസമെടുത്തു. 

ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ ഉറപ്പിച്ചു. എന്നാൽ ചെറുകാറ്റുപോലും വീശിയില്ലെന്നും റെയില്‍വേയുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നുമുള്ള ആക്ഷേപം ഇന്നും ഉയരുന്നുണ്ട്. ഉത്തരം കിട്ടാത്ത സംശയങ്ങൾക്ക് മുന്നില്‍ കണ്ണീരോര്‍മ്മയായി പെരുമണിലെ ദുരന്ത സ്മാരകം മാത്രം അവശേഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം