ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ ബിഹാറിലെ  സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി സഖ്യങ്ങള്‍. എന്‍ഡിഎയിലെ അതൃപ്തി ലോക് ജനശക്തി പാര്‍ട്ടി അമിത്ഷായെ നേരിട്ടറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍ഡിഎയില്‍ ചേരും. സീറ്റ് വിഭജന ചര്‍ച്ച ഇരു സഖ്യങ്ങളെയും ചൂട് പിടിപ്പിക്കുകയാണ്.

എന്‍ഡിഎയില്‍ ജെഡിയുവും, മഹാസഖ്യത്തില്‍ ആര്‍ജെഡിയും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 243 ല്‍ 155 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ജെഡിയു വ്യക്തമാക്കിയിരിക്കുന്നത്. ലോക് ജനശക്തി പാര്‍ട്ടി ഇതില്‍ പരസ്യമായി എതിര്‍പ്പ്  അറിയിച്ചു കഴിഞ്ഞു. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയടക്കം സഖ്യത്തിലേക്കെത്തുന്ന പുതിയ കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കണം. ബിജെപിയും കൂടുതല്‍ സീറ്റുകള്‍ വേണമെന്നറിയിച്ചു കഴിഞ്ഞു.

മഹാസഖ്യത്തില്‍ 140 സീറ്റുകള്‍ ആര്‍ജെഡിക്ക് വേണമെന്നാണ് തേജസ്വി യാദവ് വാശിപിടിക്കുന്നത്. തൊണ്ണൂറിലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് സൂചന നല്‍കി. ഇടത് പാര്‍ട്ടികളെല്ലാം കൂടി രണ്ട് ഡസനിലേറെ സീറ്റുകളും ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവ് ഏകപ്ഷീയമായി പ്രചാരണം നടത്തുന്നിലും കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍  അതൃപ്തിയിലാണ് . പത്ത് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതടക്കമുള്ള പ്രഖ്യാപനമാണ് തേജസ്വിയാദവ് കഴിഞ്ഞ ദിവസം നടത്തിയത്.

ഇതിനിടെയാണ് എന്‍ഡിഎയിലെ അതൃപ്തി ചിരാഗ് പാസ്വാന്‍ നേരിട്ട് അമിത്ഷായെ അറിയിച്ചത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന്  അമിത്ഷായെ സമീപിച്ച ചിരാഗാ പാസ്വാന് പരാതികള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ഉറപ്പ് നല്കിയതായാണ് സൂചന. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി കൂടി സഖ്യത്തിന്‍റെ ഭാഗമാകുമെന്ന് വ്യക്തമായതോടെ വലിയ വിലപേശലിന് ചിരാഗ് പാസ്വാന്‍ നിന്നേക്കില്ല.