തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 2.30ന് കെഎസ്ആര്‍ടിസി ആസ്ഥാനത്താണ് ചടങ്ങ്. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല നല്‍കാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രസഭാ യോഗമാണ് തീരുമാനമെടുത്തത്. 

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ 'ഓപ്പറേഷന്‍ അനന്ത' അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആടിസിയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് ബിജു പ്രഭാകറിന് മുന്നിലുള്ളത്.

കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിൻറെ പേരിനോട് യോജിച്ചു എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയർ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻറെ പേരും തൊഴിലാളി യൂണിയനുകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. എം. രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെഎസ്ആർടിസി തലപ്പത്തുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ.

Read more: കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു