വര്‍ക്‍ഷോപ്പിലെ ജീവനക്കാരായ ബിനുവിന്‍റെ പേരില്‍ പല ബൈക്ക് മോഷണക്കേസുമുള്ളതാണ്. ബൈക്ക് മോഷ്ടിക്കാനാണെങ്കില്‍ ബിനുവിന് എളുപ്പമാണ്. കാരണം വണ്ടി സ്റ്റാര്‍ട്ടാക്കാൻ ഇയാള്‍ക്ക് താക്കോല്‍ പോലും ആവശ്യമില്ലത്രേ
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മോഷണക്കേസിലെ പ്രതി ചാടിപ്പോയി. ചവറ സ്വദേശി ബിനു എന്നയാളാണ് രക്ഷപ്പെട്ടത്. കുളിക്കാൻ സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു. മതില്‍ ചാടി പോകുന്നതിന് ഇടയ്ക്ക് പ്രദേശത്ത് നിന്ന് ഒരു ബൈക്കും മോഷ്ടിച്ചാണ് ഇയാള്‍ കടന്നിരിക്കുന്നത്.
ബൈക്ക് മോഷണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിനു ജയിലില്‍ വച്ച് മാനസികപ്രശ്നങ്ങള്‍ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ കുളിക്കാൻ ബിനു ഉൾപ്പെടെയുള്ളവരെ സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ബിനു മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാനുടുത്ത തോർത്ത് മുണ്ട് മാത്രമായിരുന്നു വേഷം. അർധ നഗ്നനായി. മതില്‍ ചാടിയ ശേഷം അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്ന ബൈക്കും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബിനു രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
വര്‍ക്‍ഷോപ്പിലെ ജീവനക്കാരായ ബിനുവിന്‍റെ പേരില്‍ പല ബൈക്ക് മോഷണക്കേസുമുള്ളതാണ്. ഇതുതന്നെയാണത്രേ ബിനുവിന്‍റെ പ്രധാന 'വിനോദം'. ബൈക്ക് മോഷ്ടിക്കാനാണെങ്കില്‍ ബിനുവിന് എളുപ്പമാണ്. കാരണം വണ്ടി സ്റ്റാര്‍ട്ടാക്കാൻ ഇയാള്‍ക്ക് താക്കോല്‍ പോലും ആവശ്യമില്ലത്രേ. എന്തായാലും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read:- മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
