കൊച്ചി: ശബരിമല സന്ദർശനത്തിന് തൃപ്തി ദേശായിയുടെ സംഘം എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിന്ദു അമ്മിണി. തങ്ങളുടെ വരവിൽ ഗൂഢാലോചന ഉണ്ടെന്ന് പറയുന്നത് നിഷേധിക്കുന്നുവെന്ന് ബിന്ദു പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്ന് ബിന്ദു പറഞ്ഞു. സംരക്ഷണം നൽകേണ്ടത് പൊലീസാണെന്നും ഇല്ലെങ്കിൽ സംയുക്തമായി കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുമെന്നും ബിന്ദു പറഞ്ഞു.

ശബരിമല സന്ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നിൽ ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന സംശയിക്കുന്നതായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല സന്ദർശനത്തിനെത്തിയ യുവതികളാരെങ്കിലും മന്ത്രി എകെ ബാലനെ കണ്ടോ എന്ന് തനിക്കറിയില്ലെന്ന് കടകംപള്ളി പറഞ്ഞു. "സുപ്രീം കോടതി വിധിയിൽ അവ്യക്തത മാറ്റാൻ വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വേണമെങ്കിൽ തൃപ്തി ദേശായിക്ക് തന്നെ കോടതിയെ സമീപിക്കാം," മന്ത്രി പറഞ്ഞു.