ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിൻ്റെയും പൊലീസിൻ്റെയും നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലൻസ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിൻ്റെ മൃതദേഹവുമായി പോയി.
ബിന്ദുവിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിൻ്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക് രൂപഷം സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. അതിനിടെ ആരോഗ്യ മന്ത്രിയെ പുതുപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ബിന്ദുവിൻ്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും. കേരളത്തിലെ ഏറ്റവും മികച്ച മെഡി.കോളേജുകളിൽ ഒന്നായ കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് 11 മണിയോടെയാണ് കെട്ടിടം തകർന്ന് അപകടം ഉണ്ടായത്. 10, 11, 14 വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ബാത്ത്റൂം സമുച്ചയത്തിന്റെ ഭാഗമാണ് ഇടിഞ്ഞത്.
അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകൾ നവമിയുടെ ന്യൂറോ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. ഭർത്താവും മകനും ആശുപത്രിയിൽ ഉണ്ടായിരുന്നു. തകർന്ന കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു തകർന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്നത്. അമ്മയെ കാണാനില്ലെന്ന് മകള്‍ സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയോട് പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് തകർന്ന കെട്ടിടത്തിന് അടിയില്‍ ആളുണ്ടെന്ന സംശയം ശക്തമായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തി.ഒ രാൾക്ക് അപകടത്തിൽ പരിക്കുണ്ട്. സ്ഥലത്ത് മുഖ്യമന്ത്രിയെത്തി.
ബിന്ദുവിന്റെ ജീവനെടുത്തതിൽ അതിഗുരുതരമായ വീഴ്ചകൾ പല തട്ടിലുണ്ട്. രക്ഷാപ്രവർത്തനം ഇത്ര വൈകിയതിന് ഉത്തരവാദിത്തം രണ്ട് മന്ത്രിമാർക്ക് തന്നെയാണ്. നിസ്സംശയും പറയാം. അടച്ചിട്ടിരുന്ന സ്ഥലമാണെന്നും ആള് പോകാത്ത സ്ഥലമാണെന്നും ആ മൺകുനയ്ക്ക് മുന്നിൽ നിന്ന് പറയുകയാണ് രണ്ടുപേരും. അതോടെ രക്ഷാദൗത്യം എതാണ്ട് നിലച്ചു. ഒരു തെരച്ചിലും അവിടെ നടന്നില്ല. വീഴ്ച മറയ്ക്കാനുള്ള വ്യഗ്രത പുറത്ത് നടക്കുമ്പോൾ ആ മൺകൂനയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ബിന്ദു മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

