തിരുവനന്തപുരം: പരിശോധനക്കെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മാനസികപീഡനുമുണ്ടായെന്നും ബിനീഷിന്റെ ഭാര്യ റിനീറ്റ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ. ഉദ്യോഗസ്ഥർ സേര്‍ച്ച് വാറണ്ടുമായാണെത്തിയത്. തന്നെയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബാങ്ക് വിശദാംശങ്ങളെല്ലാം ചോദിച്ചു. മാനസികപീഡനമുണ്ടായെങ്കിലും ദേഹോപപദ്രവമുണ്ടായില്ലെന്നും റിനീറ്റ വ്യക്തമാക്കി. ഒപ്പിടാൻ വിളിപ്പിച്ചപ്പോഴാണ് വീട്ടിൽ നിന്ന് കണ്ടെടുത്തതെന്ന പേരിൽ കാര്‍ഡിന്‍റെ കാര്യം പറയുന്നത്. ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും റിനീറ്റ പ്രതികരിച്ചു. 

രണ്ട് മക്കളിൽ ഒരാളെ വീട്ടിലിരുത്തി മറ്റേയാളെയും ഒപ്പം കൂട്ടിയാണ് റെയ്ഡിനെത്തിയത്. രാത്രി ആയിട്ടും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ പോകുന്നില്ലെന്ന് മനസിലായപ്പോൾ മകളുടെ കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ ആവശ്യം പരിഗണിച്ച് ഒപ്പമുണ്ടായിരുന്ന അച്ഛനെ പോകാൻ അനുവദിക്കുകയായിരുന്നുവെന്നും റിനീറ്റ വ്യക്തമാക്കി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ തനിക്ക് പരിചയമില്ലെന്നും എന്നാൽ ബിനീഷിന്റെ സുഹൃത്താണ് അനൂപ് മുഹമ്മദെന്ന് അറിയാമെന്നും റനീറ്റ പറഞ്ഞു.