ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് അബ്ദുൽ ലത്തീഫ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായി. ഇദ്ദേഹം ബിനീഷിന്റെ ബിനാമിയാണെന്നാണ് എൻഫോഴ്സ്മെന്റിന്റെ സംശയം. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊവിഡ് ക്വാറന്റീനിലാണെന്ന മറുപടിയാണ് ലത്തീഫ് നൽകിയത്. ഇതുകൊണ്ട് ചോദ്യം ചെയ്യാനും സാധിച്ചിരുന്നില്ല.

എന്നാൽ ലത്തീഫിന്റെ മറുപടി വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തൽ. ബിനീഷിനൊപ്പം ലത്തീഫിനെ ഇരുത്തി ചോദ്യം ചെയ്യണമെന്നാണ് പിന്നീട് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. കാർ പാലസ് അടക്കം തിരുവനന്തപുരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ലത്തീഫ്.

ബിനീഷ് കോടിയേരിയുടെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാക്കും. മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. നാല് ദിവസമാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.