Asianet News MalayalamAsianet News Malayalam

അനൂപ് ബിനാമിയെന്ന് ഇഡി, ബിനീഷിനെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി

വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്

Bineesh Kodiyeri charged with 3rd 4th sections of PMLA act
Author
Bengaluru, First Published Oct 30, 2020, 6:55 AM IST

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് ഇഡി. ഈ ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ൽ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.

ബെംഗളൂരു ദൂരവാണിയിൽ 2015 ൽ രജിസ്റ്റർ ചെയ്തതാണ് ബി കാപിറ്റൽ എന്ന കമ്പനി. എന്നാലിത് 2018ൽ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്‌പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തിൽ ഇതിന്റെയും പ്രവർത്തനം നിർത്തി.

കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ബിനീഷിനെ വിത്സൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു. മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിന് മേൽ ചുമത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണിവ. ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്. ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ തേടും.

Follow Us:
Download App:
  • android
  • ios