ബിനീഷ് നല്‍കിയ പണമുപയോഗിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകൾ വഴി, അനൂപ് മുഹമ്മദ് വലിയ തുക സമ്പാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍

ബെംഗളൂരു: ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് കോടിയേരി പണം വെളുപ്പിച്ചെടുത്തത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ക്ലാസിക് ഉദാഹരണമാണെന്ന് ഇഡി കുറ്റപത്രം. മുഹമ്മദ് അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് കൃത്യമായ അറിവുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

ബിനീഷ് നല്‍കിയ പണമുപയോഗിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകൾ വഴി, അനൂപ് മുഹമ്മദ് വലിയ തുക സമ്പാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഹോട്ടല്‍ ബിസിനസ് മറയാക്കി ഈ പണം അനൂപ് വെളുപ്പിച്ചെടുത്തു. ബിസിനസിന്‍റെ ഭാഗമായി അനൂപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അനധികൃതമായി പണം സമ്പാദിച്ച് വെളുപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതൊരു ഉത്തമ ഉദാഹരണമാണെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്.

2012 മുതല്‍ 2019 വരെ 5,17,36,600 രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തി. ഇതില്‍ 1,16,76,276 രൂപയ്ക്ക് മാത്രമേ ബിനീഷ് ഐടി റിട്ടേൺ സമർപ്പിച്ചിട്ടുള്ളൂ. കുറ്റപത്രത്തില്‍ ഇഡി പട്ടിക നിരത്തി പറയുന്നു. ബാക്കി നാല് കോടിയിലധികം രൂപയുടെ ഉറവിടത്തെ കുറിച്ച് പ്രതിക്ക് ഇതുവരെ വിശദീകരിക്കാനായിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്. അനൂപിന്‍റെ ലഹരി ഇടപാടുകളെകുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന ബിനീഷിന്‍റെ വാദത്തെ ഇഡി പൂർണമായും തള്ളുകയാണ്. മറ്റ് പ്രതികളുമായി ബിനീഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളും പണമിടപാട് രേഖകളും തെളിവായി ചേർത്തിട്ടുണ്ട്. ബിനീഷിന്റെ ഡ്രൈവർ അനികുട്ടനും ബിസനസ് പങ്കാളിയായ അരുൺ എസും ഇതുരെ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും കുറ്റപത്രത്തിലുണ്ട്.