ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് എടുത്ത കേസ് ബെംഗലൂരു സെഷൻസ് കോടതി പരിഗണിക്കുകയാണ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ബിനീഷിനെ കോടതിയിൽ ഹാജരാക്കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷിൽ നിന്ന് ഇനിയും വിവരങ്ങൾ അറിയാനുണ്ടെന്നും ചോദ്യം ചെയ്യൽ പൂര്‍ത്തിയായില്ലെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം . 

അനൂപിന്‍റെ ഡെബിറ്റ് കാർഡ് ബിനീഷിന്‍റെ വീട്ടിൽ നിന്ന് കിട്ടി. ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മിദിന്‍റെ കാര്‍ഡിൽ ബിനീഷാണ് ഒപ്പിട്ടിട്ടുള്ളതെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. നിലവിൽ പ്രവര്‍ത്തിക്കാത്ത മൂന്ന് കമ്പനികളുടെ വിശദാംശങ്ങൾ കൂടി ഇഡി കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ബിനീഷിന് ബന്ധമുള്ള ഈ കമ്പനികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതുകൊണ്ട് കസ്റ്റഡി കാലാവധി നീട്ടണെമെന്നാണ് ആവശ്യം. 

ഈ കമ്പനികളിൽ നിന്നും ബിനീഷ് 2015ൽ വിരമിച്ചതാണെന്നു ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നു പറഞ്ഞിട്ടുണ്ട് , പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്നും  പ്രതിഭാഗം ആരോപിച്ചു.