ബിനീഷിനെ അറസ്റ്റ് ചെയ്തോ എന്ന കാര്യം എൻസിബി കോടതിയെ അറിയിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് അന്വേഷണവും തുടരുന്നു.

ബം​ഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാക്കും. മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. നാല് ദിവസമാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം, ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർ‌ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നലെ ബിനീഷിന്റെ അഭിഭാഷകർ ഹാജരാകാഞ്ഞതിനാലാണ് തീരുമാനം. തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയില്‍ രണ്ട് ഹർജികളാണ് നല്‍കിയത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പുറമേ, ഇഡി അറസ്റ്റ് അന്യായമാണെന്നു കാട്ടി നല്‍കിയ ഹ‍ർജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.