Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍

ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നാല് പേർക്കാണ് ഇതുവരെ ഹാജരാകാൻ നോട്ടീസയച്ചത്. 

bineesh kodiyeri remanded for 14 days
Author
Bengaluru, First Published Nov 13, 2020, 6:06 AM IST

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ  ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്.

കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍ തന്നെയാണുള്ളത്. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നാല് പേർക്കാണ് ഇതുവരെ ഹാജരാകാൻ നോട്ടീസയച്ചത്. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ബിനീഷിന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതിയില്‍ വാദിച്ച അഭിഭാഷകൻ കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും ആവശ്യപ്പെട്ടു.

കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി. ഇത് സാധ്യമല്ലെന്നും  കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി. 

അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും  ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios