Asianet News MalayalamAsianet News Malayalam

യുവതിയുടെ ലക്ഷ്യം പണം മാത്രമെന്ന് ബിനോയ്; മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

യുവതി നൽകിയ പരാതിയും പൊലീസിന്റെ എഫ്ഐആറും പരിശോധിച്ചാൽ മനസ്സിലാവുന്നത് ഇവർ ദമ്പതികളെ പോലെ ജീവിച്ചു എന്നാണെന്നും പിന്നെ എങ്ങനെയാണ് ഇതിൽ ബലാത്സം​ഗക്കുറ്റം നിലനിൽക്കുകയെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ.

Binoy kodiyeri alleges the complaint against
Author
Mumbai, First Published Jun 21, 2019, 4:48 PM IST

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി നൽകിയ ജാമ്യഹർജി വിധി പറയാനായി മുംബൈ കോടതി മാറ്റിവച്ചു. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

കെട്ടിച്ചമച്ച തെളിവുകൾ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ  കോടതിയിൽ വാദിച്ചു. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. കേസ് കെട്ടിച്ചമച്ചതാണ് എന്നതിന് യുവതി നൽകിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകൻ പറഞ്ഞു. 

യുവതി നൽകിയ പരാതിയും പൊലീസിന്‍റെ എഫ്ഐആറും പരിശോധിച്ചാൽ മനസ്സിലാവുന്നത് ഇവർ ദമ്പതികളെ പോലെ ജീവിച്ചു എന്നാണെന്നും പിന്നെ എങ്ങനെയാണ് ഇതിൽ ബലാത്സം​ഗക്കുറ്റം നിലനിൽക്കുകയെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. മുംബൈയിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു എന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബായിലായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയ് കോടിയേരിക്ക് വേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്. 

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്നും ജാമ്യഹർജിയെ എതിർക്കുമെന്നും കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios