Asianet News MalayalamAsianet News Malayalam

ബിനോയ് വിവാദത്തിൽ മിണ്ടാതെ മുഖ്യമന്ത്രി, സ്വകാര്യ വിഷയം മാത്രമെന്ന് എ കെ ബാലൻ

വായനാദിന പ്രത്യേക പരിപാടിയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു എ കെ ബാലന്‍റെ ചോദ്യം. 

binoy kodiyeri controversy cm and balan response
Author
Thiruvananthapuram, First Published Jun 19, 2019, 3:21 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാനജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങിയതിനിടെ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാൽ മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍റെ പ്രതികരണം. 

''ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാർട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്‍റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോർണർ ചെയ്യുക എന്നതോ ഗുണമുള്ള കാര്യമല്ല'', പി ആർ ചേംബറിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ എ കെ ബാലൻ പറഞ്ഞു.

സമാനമായ പ്രതികരണമായിരുന്നു മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുടേതും. ''പാർട്ടിയിൽ ആരും ഇതിൽ ഇടപെടാൻ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവർ അനുഭവിക്കും എന്നതല്ലാതെ പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല'', മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു. 

അതേസമയം, കേസിന് പാർട്ടിയുമായുള്ള ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ നിലപാട് തള്ളി കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. ''ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകൾ, ആ പാർട്ടിക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ടെങ്കിൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതാണ്'', എന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിലെന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് ചെന്നിത്തല. ''കാര്യങ്ങളത്ര സുഗമമല്ല, അത് കണ്ടാലറിയാമല്ലോ'', എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പരാതി  അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും. അറസ്റ്റിന് സാധ്യത കണക്കിലെടുത്ത് ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios