മുംബൈ/തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയെക്കുറിച്ച് നേരത്തേ അറിയുമായിരുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം പൊളിയുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതോടെയാണ് വിവരം കോടിയേരിക്ക് നേരത്തേ അറിയാമായിരുന്നെന്ന് സൂചനകൾ വരുന്നത്. 

ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്‍റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.

അഭിഭാഷകന്‍റെ വാദം ശരിയാണെങ്കിൽ എല്ലാം കോടിയേരിക്ക് നേരത്തേ അറിയാമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വിവാദം പുറത്തു വന്നപ്പോൾ വേണമെങ്കിൽ പാർട്ടിയുടെ 'ഏത് തീരുമാനവും അംഗീകരിക്കുമെന്ന്' കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പിബി അംഗമായ എസ് രാമചന്ദ്രൻ പിള്ളയുമായി നടത്തിയ ചർച്ചയിലാണ് കോടിയേരി ഈ നിലപാടെടുത്തത്. എന്നാൽ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ലെന്നും എന്നാൽ മകനെ വാർത്താ സമ്മേളനം വിളിച്ച് തള്ളിപ്പറയണമെന്നും കോടിയേരിക്ക് നിർദേശം കിട്ടി.

ഇതേത്തുടർന്ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേസ് പുറത്തു വന്നപ്പോൾ മാത്രമാണ് തനിക്കീ വിവരം മനസ്സിലായതെന്നും മകൻ എവിടെയെന്ന് അറിയില്ലെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. മകനെ സംരക്ഷിക്കാൻ താനോ പാർട്ടിയോ ശ്രമിക്കില്ലെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങളൊക്കെ അവനവൻ തന്നെ അനുഭവിക്കേണ്ടതാണെന്നും കോടിയേരി വ്യക്തമാക്കി. 

എന്നാൽ വാർത്താ സമ്മേളനത്തിൽ മകനെതിരായ ആരോപണങ്ങളൊന്നും കോടിയേരി നിഷേധിച്ചില്ല, പരാതിക്കെതിരെ മറു ആരോപണങ്ങൾ ഉയർത്തിയതുമില്ല. ''അവൻ പ്രത്യേക കുടുംബമായി താമസിക്കുന്നയാളാണ്. അവനെതിരെ എപ്പോഴും പോകുന്നയാളാണെങ്കിൽ ഈ പ്രശ്നം തന്നെ സംഭവിക്കുമായിരുന്നോ? മകൻ വിദേശത്ത് പോകുമ്പോൾ കൂട്ടത്തിൽ പോകാൻ പറ്റുമോ? അങ്ങനെ ഏത് രക്ഷിതാവാണ് ചെയ്യുക? എനിക്കത് ചെയ്യാനറിയില്ല. അവനെവിടെയെന്ന് അറിയില്ല. എല്ലാ ദിവസവും ഞാൻ അവനെ കാണാറില്ല. കുറച്ചു ദിവസമായി കണ്ടിട്ട്. കേസ് വന്ന ശേഷം കണ്ടിട്ടില്ല'', കോടിയേരി പറഞ്ഞു.

എന്നാൽ കഴിഞ്ഞ ആറ് മാസമായി ബിനോയ് പരാതിക്കാരിയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ കേസിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന. അത് കോടിയേരി അറിയാതെയാകില്ല എന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കോടിയേരി അറിയാതെ ഭാര്യ വിനോദിനി മുംബൈയിൽ യുവതിയെ കാണാൻ പോയെന്ന വാദവും വിശ്വാസ്യയോഗ്യമാകില്ല. അങ്ങനെയെങ്കിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണമാകും ഇനി കോടിയേരിക്ക് എതിരെ ഉയരുക. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ എന്ന നിലയിൽ അത് കോടിയേരിക്കും പാർട്ടിക്കും ഒരേ പോലെ തലവേദനയാകും താനും. 

ശനിയാഴ്ച കോടിയേരി നടത്തിയ വാർത്താ സമ്മേളനം: