തിരുവനന്തപുരം: മുംബൈയിൽ താമസമാക്കിയ ബിഹാര്‍ സ്വദേശി യുവതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നെന്ന് പോലീസ്. മെയ് മാസം കണ്ണൂർ റെയ്ഞ്ച് ഐജിക്കാണ് ബിനോയ് കോടിയേരി പരാതി നൽകിയത്. യുവതി അയച്ച ഭീഷണിക്കത്ത് അടക്കമാണ് ബിനോയ് കോടിയേരി പരാതി നൽകിയതെന്നും പരിശോധിച്ച് തുടർ നടപടിക്ക് കണ്ണൂർ എസ്പിക്ക് കൈമാറിയിരുന്നു എന്നുമാണ് കണ്ണൂര്‍ പൊലീസ് സ്ഥിരീകരിക്കുന്നത്.

യുവതിക്കെതിരെ കേസെടുക്കാനിരിക്കെയാണ് എതിർ പരാതി മുംബൈ പോലിസിന് ലഭിച്ചതെന്നും പൊലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനിരിക്കെയാണ് മുംബൈയിൽ പരാതി രജിസ്റ്റര്‍ ചെയ്ത് യുവതി മുന്നോട്ട് പോയതെന്നാണ് വിശദീകരണം. 

മുംബൈയിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു . 

ബിനോയ് കോടിയേരിയുടെ വിശദീകരണം

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി  ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.