തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സിപിഎം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് വിഷയം സംസ്ഥാന സമിതി മുന്നാകെ അവതരിപ്പിച്ചത്. കോടിയേരി ഈ വിഷയം ഇന്ന് സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

മകന് ഈ വിഷയത്തിൽ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവർത്തിച്ചു. ഈ വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും കോടിയേരി സമിതിയിൽ വ്യക്തമാക്കി. വിഷയം കോടിയേരി സംസ്ഥാന സെക്രട്ടേറിയേറ്റിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാന സമിതി തീരുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിഷയം കോടിയേരി അവതരിപ്പിച്ചത്. കാര്യമായ ചർച്ച വിഷയത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂചന. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടി മാത്രം ചേർന്നിട്ടും സമകാലിന പ്രസക്തിയുള്ള വിഷയം ഇപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാൻ സിപിഎം തയ്യാറായി എന്നുള്ളതാണ് ശ്രദ്ധേയം. ഇനി കീഴ് ഘടകങ്ങളിലും സിപിഎമ്മിന് വിഷയം അവതരിപ്പിക്കേണ്ടതായി വരും.