മുംബൈ: ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ്‌ കോടിയേരി ഇന്ന് രക്ത സാമ്പിൾ നൽകും. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തുന്ന ബിനോയിയെ ജുഹുവിലെ കൂപ്പർ ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് രക്ത സാമ്പിളുകൾ ശേഖരിക്കുക. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ്‌ നൽകിയ ഹർജി ഇന്നലെ പരിഗണിക്കവേ ബോംബെ ഹൈക്കോടതിയാണ് ഇന്ന് ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകാൻ ബിനോയിയോട് നിർദ്ദേശിച്ചത്. 

ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ച ബിനോയ്‌ പൊലീസിൽ നിന്ന് നോട്ടീസും കൈപ്പറ്റി. ഡിഎൻഎ പരിശോധനാ ഫലം മുദ്രവച്ച കവറിൽ രണ്ടാഴ്ചക്കകം ഹൈക്കോടതി രജിസ്ട്രാർക്ക് മുൻപിൽ ഹാജരാക്കാനാണ് ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം. ഇതുകൂടി പരിഗണിച്ച ശേഷമാകും എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ബിനോയിയുടെ ഹർജിയിൽ കോടതി അന്തിമ തീരുമാനം പറയുക.

ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചത്. ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകൾ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.