മുംബൈ: പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുൻഗണനാ ക്രമത്തിൽ ഇന്ന് പരിഗണിക്കേണ്ട കേസുകൾ അധികമായതിനാലാണ് കോടതി നടപടി. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

അതേസമയം, ബിനോയിയുടെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു. കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്.  കലീനയിലെ ഫൊറൻസിക് ലാബിൽനിന്ന് പരിശോധനാഫലം ലഭിച്ചില്ലെന്നു ഓഷിവാര പൊലീസും അറിയിച്ചിട്ടുണ്ട്. 

വായിക്കാം;പീഡനക്കേസ്; എഫ്ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിക്കും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയ് നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.