മഹാമാരിയായി മാറിയ കൊറോണ വൈറസ് ഉയര്‍ത്തിന്ന ആശങ്കയിലാണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ ജീവിക്കുന്നത്. അടച്ചു പൂട്ടി വീട്ടിലിരിക്കുന്നതിന്റെ അസ്വസ്ഥതകൾക്കിടയിലും എങ്ങനെയെങ്കിലും ഈ മഹാമാരിയെ അതിജീവിച്ച് സാധാരണ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകം. നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെയാണ് ഓരോ ദിനവും ഉണർന്നെഴുന്നേൽക്കുന്നത്. ഈ ദുരിതകാലത്ത് പ്രതീക്ഷയും കരുതലും ആത്മവിശ്വാസവും നൽകുന്ന പ്രവർത്തനങ്ങളുമായി ചിലർ നമുക്കൊപ്പമുണ്ട്. 

രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലാണ് ബിനോയ് വിശ്വം എന്ന വ്യക്തിയെ നമ്മൾക്കറിയാവുന്നത്. എന്നാൽ രാഷ്ട്രീയം മാത്രമല്ല, പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് പലതവണ തെളിയിച്ചിട്ടിട്ടുണ്ട് ബിനോയ് വിശ്വം എം പി .കൊറോണ കാലത്ത് പ്രത്യാശയുടെ വരികള്‍ അദ്ദേഹം  'ഹൃദയ നാദം' ത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. പാട്ടിന് പിന്നിലെ നാൾ വഴികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ബിനോയ് വിശ്വം പറയുന്നു.

"ഞാന്‍ വലിയ കവിയോ പാട്ടുകാരനോ അല്ല. പക്ഷേ ഇത്തരം ചില പ്രതിസന്ധി ഘട്ടങ്ങളിൽ ഞാൻ പണ്ടും ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ ​ഗാനവും എഴുതിയത്" ബിനോയ് വിശ്വം പറഞ്ഞ് തുടങ്ങുന്നു. സുഹൃത്തിന് വേണ്ടിയാണ് ആദ്യമായി പാട്ടിന്റെ വരികൾ എഴുതുന്നത്. നാലോ അഞ്ചോ വരികൾ വീതം അദ്ദേഹത്തിന് ഫോണിലൂടെ അയച്ചുകൊടുത്തു. ആദ്യത്തെ നാല് വരി സുഹൃത്ത് പാടി കേൾപ്പിച്ചു. അത് വളരെ മനോഹരമായിരുന്നു. പക്ഷേ പിന്നീട് സുഹൃത്തിന് അത് മൊത്തം പാടി പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് ബിനോയ് വിശ്വം പറയുന്നു. അതിജീവനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

പിന്നീട് ഈ സുഹൃത്ത് വഴി പാട്ടിനെക്കുറിച്ച് അറിഞ്ഞ മറ്റൊരാൾ എംപിയെ വിളിക്കുകയും അദ്ദേഹം അത് പാടി വാട്സാപ്പിൽ ഇടുകയുമായിരുന്നു. പിന്നീട് പലരും ഈ വരികളെ അവരവരുടേതായ ഈണത്തിലാക്കി.  ചിലരൊക്കെ പാടി തനിക്ക് അയച്ചുതന്നുവെന്നും ബിനോയ് വിശ്വം പറയുന്നു. എന്നാൽ കെപിഎസി ചന്ദ്രശേഖരന്റെ ആലാപനമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വലിയ കവിയൊന്നും അല്ലെങ്കിലും ഞാൻ എഴുതിയ വരികൾ, സന്ദർഭത്തിന് ഇണങ്ങുന്നതാണെന്ന് തോന്നി. ആളുകൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം"- ബിനോയ് വിശ്വം പറയുന്നു. സലാം എന്ന അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്താണ് 'ഹൃദയ നാദം' എന്ന് ഈ ​ഗാനത്തിന് പേരിട്ടത്. 

ലോക്ക്ഡൗൺ കാലമാണെങ്കിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ കമ്യൂണിറ്റി കിച്ചണിലും മറ്റും സജീവ സാന്നിധ്യമായി പങ്കെടുക്കുന്നുണ്ട് ബിനോയ് വിശ്വം. പ്രവർത്തകരെ കൂട്ടിച്ചേർത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുന്നുമുണ്ട്. ദിവസേന രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി ആളുകൾ തന്നെ വിളിക്കുന്നുണ്ടെന്നും ദൂരെയിരുന്ന് തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അവർക്ക് വേണ്ടി ചെയ്യുന്നുണ്ടെന്നും ബിനോയ് വിശ്വം പറയുന്നു.

കൊവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. "ലോകം മുഴുവൻ കേരളത്തെ വാഴ്ത്തുകയാണ്. കേരളത്തെ ചൊല്ലി നമുക്കെല്ലാവർക്കും അഭിമാനിക്കാം. എത്രയോ കാലങ്ങളിലൂടെ കേരളം നേടിയെടുത്ത നേട്ടമാണിത്. അതിന്റെ മുന്നിൽ നിന്നുകൊണ്ട് സർക്കാർ, മുഖ്യമന്ത്രി കാണിക്കുന്ന ശ്രദ്ധേയമായ നേതൃത്വത്തിൽ നമുക്കൊല്ലാം അഭിമാനിക്കാം. ഒറ്റ ദിവസം കൊണ്ട് നേടിയെടുത്ത നേട്ടമല്ലിത്, ദശാബ്ദങ്ങളുടെ അധ്വാനമുണ്ട് ഇതിന് പിന്നിൽ. എല്ലാ മേഖലകളിലും കേരളം കാണിച്ച നിരന്തര പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം," ബിനോയ് വിശ്വം പറഞ്ഞു. 

ലോക്ക്ഡൗണിനിടെ പുറത്തിറങ്ങുന്നവർ കാര്യത്തിന്റെ ​ഗൗരവം മനസിലാക്കണമെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിക്കുന്നു. വളരെയധികം പ്രതിസന്ധികളിലൂടെയാണ് കേരളം ലോകത്തിന് തന്നെ മാതൃക അയതെന്നും അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തനമുണ്ടാകാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലവിൽ, തിരുവനന്തപുരം വട്ടിയൂർക്കാവിലെ മകളുടെ വീട്ടിലാണ് ബിനോയ് വിശ്വം താമസിക്കുന്നത്. ദില്ലിയിൽ നിന്ന് വന്നതിന് ശേഷം ഏകദേശം പതിനാറ് ദിവസം അദ്ദേഹം ഹോം ക്വാറന്റൈൻ ആയിരുന്നു.

"