കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലും പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ വളർത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയാൻ കൂടുതൽ സംഘങ്ങളെ നിയോഗിക്കും. നിലവിലെ 25 സംഘങ്ങൾക്ക് പുറമേ 22 സംഘങ്ങളെ കൂടി രൂപീകരിക്കാൻ തീരുമാനമായി. മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കൂടുതൽ സംഘങ്ങൾ ഉണ്ടാക്കുന്നത്. 

അതേസമയം പക്ഷിപ്പനിയിൽ പരിഭ്രാന്തി വേണ്ടെന്നു മനുഷ്യരിൽ രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍. മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. ലോകത്താകെ രോഗം ബാധിച്ചത് 700 പേർക്ക് മാത്രമാണ്. H5N1 വിഭാഗത്തിലുള്ള പക്ഷിപ്പനി അപകടകരമാണ്. കോഴിക്കോട് H5N1 പനി റിപ്പോർട്ട് ചെയ്ത മേഖലയിലുള്ളവർ  ശ്രദ്ധിക്കണം. ചുമയും ശ്വാസംമുട്ടലും ഉണ്ടെങ്കിൽ ജാഗ്രത വേണം. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവ്. കുട്ടികളിലും കൗമാരക്കാരിലും രോഗം ഗുരുതരമാകാം. മരുന്നും പ്രതിരോധ വാക്സിനും ലഭ്യമാണ്.