വേദിയിൽ നടി മഞ്ജുവാര്യർ ദിലീപിനെയടക്കം സാക്ഷിയാക്കി ഏവരെയും ഞെട്ടിച്ച പ്രസ്താവന നടത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമായിരുന്നു പ്രസംഗം.
കൊച്ചി: കൊച്ചിയിൽ 2017 ഫെബ്രുവരി 17ന് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നു. മലയാള സിനിമാ ചരിത്രത്തിൽ ഒരാളും ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ക്രൂരമായ ആക്രമണം. സംഭവത്തെ അപലപിക്കാനും നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എറണാകുളം ദർബാർ ഹാൾ മൈതാനത്ത് അഭിനേതാക്കളുടെ സംഘടന അമ്മ യോഗം വിളിച്ചുചേർത്തു. അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, മമ്മൂട്ടി, ദിലീപ് തുടങ്ങിയ ഒട്ടുമിക്ക പ്രമുഖരും അന്ന് യോഗത്തിനെത്തി. വേദിയിൽ നടി മഞ്ജുവാര്യർ ദിലീപിനെയടക്കം സാക്ഷിയാക്കി ഏവരെയും ഞെട്ടിച്ച പ്രസ്താവന നടത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമായിരുന്നു മഞ്ജുവാര്യർ നടത്തിയ പ്രസംഗത്തിന്റെ കാതൽ.
ഏതൊരു പെൺകുട്ടിക്കും ഇത്തരമൊരു സാഹചര്യമുണ്ടാകരുതെന്നും താനടക്കമുള്ള നടിമാരെ അർധരാത്രിയിൽ പോലും സുരക്ഷിതമായി വീട്ടിലെത്തിച്ച ഡ്രൈവർമാരുണ്ടെന്നും അതുകൊണ്ട് എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും മഞ്ജു പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും എല്ലാ പിന്തുണ നൽകുക മാത്രമാണ് നമ്മൾ ചെയ്യേണ്ടതെന്നും മഞ്ജു പറഞ്ഞു. വീടിനകത്തും പുറത്തും പുരുഷന് സ്ത്രീ നൽകുന്ന എല്ലാ ബഹുമാനവും അതേ അളവിൽ തിരിച്ചുലഭിക്കാൻ സ്ത്രീകൾക്ക് അർഹതയുണ്ടെന്നും മഞ്ജു പറഞ്ഞു.
ഈ പ്രസ്താവനക്ക് ശേഷമാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ തുടക്കമെന്ന് കുറ്റവിമുക്തനാക്കിയ ശേഷം ദിലീപ് പറയുന്നു. കേസിലെ മുഖ്യസാക്ഷിയായിരുന്നു മഞ്ജുവാര്യർ. മഞ്ജു നൽകിയ മൊഴി ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതി വിധിയുടെ പകർപ്പ് ലഭിച്ചെങ്കിൽ മാത്രമേ കോടതിയിൽ എന്താണ് മഞ്ജു പറഞ്ഞതെന്ന് വ്യക്തമാകൂ. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ സംഭവത്തിൽ നേരിട്ട് ഇടപെട്ട മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 2017 ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒക്ടോബർ 3ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
