പിടിച്ചെടുത്ത പണം മുഴുവൻ ആദായനികുതി വകുപ്പിന് കൈമാറിയില്ലെന്ന ഫാദർ ആന്‍റണി മാടശ്ശേരിയുടെ ആരോപണം  പഞ്ചാബ് പോലീസ് തളളി. പിടിച്ചെടുത്ത മുഴുവൻ പണത്തിനും ആദായ നികുതി വകുപ്പ് സർട്ടിഫിക്കറ്റ് നൽകി.

ജലന്ധര്‍: ഫാദര്‍ ആൻറണി മാടശ്ശേരിയുടെ വാദങ്ങൾ പൊളിയുന്നു. 9 കോടി 66 ലക്ഷം പിടിച്ചെടുത്തത് വാഹനത്തിൽ നിന്നെന്ന് പഞ്ചാബ് പോലീസ് വിശദമാക്കി. ഫാദര്‍ ആൻറണി മാടശ്ശേരി കുടുങ്ങിയത് എൻഫോഴ്സ്മെൻറുമായി ചേർന്നുള്ള പരിശോധനയ്ക്കിടെ. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 

പിടിച്ചെടുത്ത പണം മുഴുവൻ ആദായനികുതി വകുപ്പിന് കൈമാറിയില്ലെന്ന ഫാദർ ആന്‍റണി മാടശ്ശേരിയുടെ ആരോപണം പഞ്ചാബ് പോലീസ് തളളി. പിടിച്ചെടുത്ത മുഴുവൻ പണത്തിനും ആദായ നികുതി വകുപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് ഖന്ന എസ്എസ്പി ധ്രുവ് ദഹിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈദികന്‍റെ വാഹനത്തിൽ നിന്നാണ് പണം പിടിച്ചതെന്നും പഞ്ചാബി ഭാഷ അറിയില്ലെന്ന വൈദികന്‍റെ വാദം കളവാണെന്നും എസ്എസ്പി പറഞ്ഞു.

പഞ്ചാബ് പൊലീസിനെതിരെ വൈദികന്‍ ആന്‍റണി മാടശ്ശേരി ആരോപണം കടുപ്പിക്കുമ്പോള്‍ തങ്ങള്‍ ഒറ്റയ്ക്കല്ല പണം പിടിച്ചതെന്ന മറുപടിയാണ് പഞ്ചാബ് പൊലീസ് നൽകുന്നത്. എന്‍ഫോഴ്സമെന്‍റുമായി ചേര്‍ന്നാണ് ഹവാല പണം പിടിച്ചത്. 16 കോടി പിടിച്ചെടുത്തെന്ന് വൈദികൻ പറയുമ്പോള്‍ പിടിച്ചെടുത്തത് 9 കോടി 66 ലക്ഷമാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ഇതിന്‍റെ രേഖ ആദായ നികുതി വകുപ്പ് നേരിട്ടാണ് വൈദികന് നല്‍കിയത്. പർതാപുരയിലെ ഫാദർ ആന്‍റണിയുടെ വസതിയിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് പറയുന്നു


ഫാദര്‍ ആന്‍റണിയും മറ്റ് മൂന്നു വൈദികരും ചേ‍ർന്ന് സ്വകാര്യ കമ്പനിയെന്ന നിലയിലാണ് സഹോദയ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. കെട്ടിട നിർമ്മാണ കരാർ ഏറ്റെടുക്കൽ, പുസ്തക കച്ചവടം, സുരക്ഷാ ജീവനക്കാരെ ഏർപ്പാടാക്കുന്ന ഏജൻസി എന്നിവ ഈ കമ്പനിക്ക് കീഴിലുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഫാദര്‍ മാടശ്ശേരി ഭാരവാഹിയായ നവജീവൻ ട്രസ്റ്റിനെ മറയാക്കിയോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. 

വൈദികൻ നടത്തുന്ന സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിന്‍റെ രേഖകളും അന്വേഷണ സംഘം പരിശോധിക്കും. പിടിച്ചെടുത്ത പണത്തിന്‍റെ ഉറവിടം ഇതുവരെ അന്വേഷണം സംഘത്തോട് ഫാദര്‍ ആന്‍റണി മാടശ്ശേരി വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച രേഖകള്‍ കൈമാറുമെന്നാണ് വൈദികന്‍ പറയുന്നത്. ഖന്ന എസ് എസ് പിക്കു എതിരെ സിബിഐ അന്വേഷണം വേണമെന്നാണ് വൈദികന്‍റെ ആവശ്യം.