ഭിന്നശേഷി സംവരണത്തിൽ നീതി ലഭിച്ചതിൽ സന്തോഷമെന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാർ തീരുമാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി തിരുത്തിയത് സ്വാഗതാർഹം എന്നും ബിഷപ്പ് പ്രതികരിച്ചു.
കണ്ണൂർ: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നയം പരിഷ്‌കരിച്ചതിനെ സ്വാഗതം ചെയ്ത് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സർക്കാർ തീരുമാനം ഉടൻ നടപ്പിലാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്, അതിനെ മുഖ്യമന്ത്രി തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വനം-വന്യജീവി സംരക്ഷണ നിയമം ജനങ്ങളുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതാണെന്നും, നിയമം നിലനിൽക്കുമോ എന്നത് വേറെ വിഷയമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. കൂടാതെ, ജസ്റ്റിസ് കോശി കമ്മിറ്റിയുടെ റിപ്പോർട്ടും സർക്കാർ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ തെറ്റില്ലെന്നും ജനങ്ങൾ ജനാധിപത്യത്തിൽ വോട്ടിലൂടെ അഭിപ്രായം പ്രകടിപ്പിക്കുമെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു. കത്തോലിക്ക കോൺഗ്രസിന്റെ യാത്രയും തെരഞ്ഞെടുപ്പും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും, യാത്രയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.


