പൊതുദർശന സമയത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റീത്തും ബൊക്കെയും വേണ്ടെന്നും അധികം ആളുകൾ എത്തരുതെന്നും ഇടവകകൾക്ക് നിർദേശം നൽകും

തൊടുപുഴ: ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ചടങ്ങുകൾ മെയ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. പൂർണമായും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.

പൊതുദർശന സമയത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റീത്തും ബൊക്കെയും വേണ്ടെന്നും അധികം ആളുകൾ എത്തരുതെന്നും ഇടവകകൾക്ക് നിർദേശം നൽകും. സംസ്കാര ശുശ്രൂഷ ചടങ്ങുകളിൽ പോലും അധികം മെത്രാന്മാരെ പങ്കെടുപ്പിക്കില്ല. സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്ക് അനുസൃതമായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ.

മെയ് നാലിന് രാവിലെ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9.30 ന് സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. ഒരു മണി മുതൽ നാല് മണി വരെ കുഞ്ചിത്തണ്ണിയിലെ ആ നിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. 

തുടർന്ന് ആറ് മണിക്ക് വാഴത്തോപ്പ് കത്തീഡ്രലിൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികനായിരിക്കും. കേരളത്തിലേ വിവിധ രൂപതകളിലേ മെത്രാന്മാർ സംബന്ധിക്കുമെന്നും ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു.