Asianet News MalayalamAsianet News Malayalam

വനിത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി: പൊതുഭരണസെക്രട്ടറിയെ മാറ്റി, സിന്‍ഹയുടെ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ട്. ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ടെങ്കിലും ഇവരാരും പ്രതികരിച്ചില്ല എന്നാണ് വിവരം. 

Biswanath Sinha transferred for sending messages to a women IAS officer in midnight
Author
Statue Junction, First Published Dec 12, 2019, 11:30 AM IST

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത് വനിതകളോട് മോശമായി പെരുമാറിയതിനാണെന്ന് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയതടക്കം ശക്തമായ പരിഷ്കാര നടപടികള്‍ സ്വീകരിച്ച പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തു വന്നിരിക്കുന്നത്. ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താസമ്മേളനത്തില്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ചു. 

വനിതകളായ ജൂനിയര്‍ ഐഎഎസ് ഓഫീസര്‍മാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. 

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്. 

എന്തിനാണ് ബിശ്വനാഥ് സിന്‍ഹയെ മാറ്റിയതെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സിന്‍ഹക്കെതിരായ പരാതി സര്‍ക്കാര്‍ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. ഒരു സ്ഥലമാറ്റം കൊണ്ട് ഈ പ്രശ്നം അവസാനിക്കില്ലെന്നും സിന്‍ഹയ്ക്കെതിരെ അന്വേഷണം വേണമെന്നും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ് സെക്രട്ടറിയോട് പോലും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു

ഏറെനാളായി ബിശ്വനാഥ് സിന്‍ഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസര്‍മാര്‍ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഇക്കാര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പരസ്യമായി ഉന്നയിക്കുന്നത്. 

ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ട്. ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ടെങ്കിലും ഇവരാരും പ്രതികരിച്ചില്ല എന്നാണ് വിവരം. രാത്രി 12 മണിക്ക് ശേഷം പല കാര്യങ്ങളും ചോദിച്ച് പൊതുഭരണസെക്രട്ടറി തനിക്ക് നിരന്തരം മെസേജുകള്‍ അയക്കുന്നതായി വനിത ഐഎഎസ് ഉദ്യോഗസ്ഥ പറയുന്നു. 

Follow Us:
Download App:
  • android
  • ios