തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള  നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ആചാരലംഘനമാണെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.  
  
നവരാത്രികാലത്ത് തിരുവനന്തപുരത്ത് നടന്നു വരുന്ന പരമ്പരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാൽനടയായാണ് ഈ വിഗ്രഹങ്ങൾ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും.

എന്നാൽ കോവിഡ് കാരണം ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചു. കന്യാകുമാരി - തിരുവനന്തപുരം ജില്ലാ കളക്ടർമാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു ഈ തീരുമാനം. എന്നാൽ ഹൈന്ദവസംഘടനകളുമായി ചർച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച് ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ കോവിഡ് മാനദണ്ഡം പരിഗണിച്ചായിരുന്നു തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.  അടുത്ത വെള്ളിയാഴ്ചയാണ് വാഹനത്തിലുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നത്.         

പരമ്പരാഗത രീതിയിൽ ഈ വർഷവും നവരാത്രി ആഘോഷം നടത്തണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനകളുമായി ആലോചിക്കാതെയാണ് നവരാത്രി ഘോഷയാത്ര ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തിൽ സർക്കാരും തിരുവനന്തപുരം കോർപ്പറേഷനും ഒരേ പോലെ പ്രതിസ്ഥാനത്താണെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സർക്കാരോ കോർപ്പറേഷനോ ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് അറിയിക്കുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.