ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. രണ്ടു പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 6 പഞ്ചായത്തുകൾ ഭരിക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ തവണ രണ്ടു പഞ്ചായത്തുകൾ മാത്രം ഭരിച്ച ബിജെപിക്ക് ഇത്തവണ നേട്ടമാണ്. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തവണ തിരുവൻ വണ്ടൂർ പഞ്ചായത്ത് സ്വതന്ത്രന്റെ പിന്തുണയിൽ എൽഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമായിരുന്നു ഭരിച്ചത്. എൽഡിഎഫിൻ്റെ രണ്ട് പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞ തവണയും ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. 72 പഞ്ചായത്തുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്.
പുന്നപ്ര പഞ്ചായത്തിൽ യുഡിഎഫിൽ തർക്കം
പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. കോൺഗ്രസിന്റെ തോബിയാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. അതേസമയം, കമാൽ എം മാക്കിയിൽ യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആണ് കമാൽ എം മാക്കിയിൽ. തർക്കം മുറുകിയതോടെയാണ് പിൻമാറ്റം. നിലവിൽ യുഡിഎഫ് 11(9+2) സീറ്റുകളിലും എൽഡിഎഫ്- 4 സീറ്റുകളിലും എൻഡിഎ 4 സീറ്റുകളിലുമാണ് വിജയിച്ചത്.



