തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എഎൻ രാധാകൃഷ്ണനും എംടി രമേശും കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരില്ല. താല്പര്യമില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിക്കും. പാർട്ടിയിൽ ഉടൻ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.

കടുത്ത മത്സരത്തിനൊടുവിൽ കെ സുരേന്ദ്രൻ പ്രസിഡണ്ടായതോടെ പിന്നിടൂള്ള ചോദ്യം സുരേന്ദ്രന് കീഴിൽ എഎൻ രാധാകൃഷ്ണനും എംടി രമേശും ശോഭാ സുരേന്ദ്രനും ബിജെപി ജനറൽ സെക്രട്ടറിമാരായി തുടരുമോ എന്നുള്ളതാണ്. എ എൻ രാധാകൃഷ്ണനും എംടി രമേശും കൃഷ്ണദാസ് പക്ഷനേതാക്കളാണ്. ശോഭാ സുരേന്ദ്രന് കൃത്യമായ ഗ്രൂപ്പില്ല.  

സംഘടനാ അഴിച്ചുപണിയിൽ  നിർണ്ണായക പങ്കാണ് സംസ്ഥാന അധ്യക്ഷനുള്ളത്. അഴിച്ചുപണി തുടങ്ങും മുമ്പ് കൃഷ്ണദാസ് പക്ഷത്തെ രണ്ടുനേതാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ശോഭാ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാറ്റാനുള്ള സാധ്യത മുന്നിൽകണ്ടുള്ള നീക്കമായും വ്യാഖ്യാനിക്കാമെങ്കിലും കൃഷണ്ദാസ് പക്ഷം അതൃപ്തരാണ്. സുരേന്ദ്രൻ പ്രസിഡണ്ടായാൽ, രമേശിന് പകരം മറ്റെന്തെങ്കിലും പദവിയെന്ന ഗ്രൂപ്പിൻറെ ബദൽ നിർദ്ദേശം  കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Read Also: പഠിച്ചത് രസതന്ത്രം പയറ്റിത്തെളിയാൻ രാഷ്ട്രീയം; കെ സുരേന്ദ്രൻ ബിജെപിയെ നയിക്കാനെത്തുമ്പോൾ

മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയായി ശോഭാ സുരേന്ദ്രനെ പരിഗണിക്കുമെന്ന സൂചനകൾ നേരത്തെയുണ്ട്. പാർട്ടിയിൽ പിടിമുറുക്കിയ മുരളീധരപക്ഷം സി കൃഷ്ണകുമാർ, പി സുധീർ, രഘുനാഥ് അടക്കമുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കൃഷ്ണദാസ് പക്ഷത്തുനിന്ന് ബി ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറെയാണ്. ആർഎസ്എസ്സിൻറെ അഭിപ്രായം കൂടി പരിഗണിച്ചാകും പുന:സംഘടന. അതിനിടെ കുമ്മനം രാജശേഖരന്‍റെ  സ്ഥാനനിര്‍ണയം  വൈകുന്നതിൽ ആർഎസ്എസ്സിനും അതൃപ്തിയുണ്ട്.

Read Also: 'ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച സമരനായകന്‍'; സുരേന്ദ്രന് അഭിനന്ദനവുമായി വി മുരളീധരന്‍