കെ റെയിൽ പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാക്കി വി.മുരളീധരനും കൊടിക്കുന്നിൽ സുരേഷും. കഴക്കൂട്ടത്ത് പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ ജനം തടഞ്ഞു. 

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ (K rail project) എതിർപ്പ് ശക്തമാക്കി യുഡിഎഫും (UDF) ബിജെപിയും (BJP). കെ റെയിൽ പദ്ധതിയെന്നാൽ കമ്മീഷൻ റെയിൽ പദ്ധതിയെന്നാണെന്നും ബംഗാളിൽ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാൽ അടുത്ത 25 വർഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് (Kodikkunil suresh) പറഞ്ഞു. 

YouTube video player

കെ റെയിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ (V muraleedharan) പറഞ്ഞു. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ നിലപാടെന്നാണ് മനസ്സിലാവുന്നതെന്നും എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും പറഞ്ഞ മുരളീധരൻ പക്ഷേ പദ്ധതിക്കെതിരെ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തില്ലെന്നും വ്യക്തമാക്കി. 

അതേസമയം കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായി വശങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. വിദഗദ്ധരുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസർക്കാരിന് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

YouTube video player

കഴിഞ്ഞ ദിവസം ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയിൽവേക്ക് കെ റെയിൽ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിന് സ്വന്തം നിലയിൽ വിദേശവായ്പയുടെ അധികബാധ്യതയേറ്റെടുക്കാനാവുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്നാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിക്ക് മറുപടി നൽകിയത്. 

അതേസമയം കെ റെയിൽ പദ്ധതി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കഴക്കൂട്ടം കരിമണലിൽ പ്രദേശവാസികൾ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവ്വേ കല്ലിടാൻ എത്തിയപ്പോൾ ആണ് നാട്ടുകാരും ചില സംഘടനകളും ചേർന്ന് പ്രതിഷേധമുയർത്തിയത്. പദ്ധതിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുമ്പോൾ കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവിൽ അലൈൻമെൻ്റ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ റെയിൽ പാതയിൽ മാറ്റം വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.

വി.മുരളീധരൻ്റെ വാക്കുകൾ - 

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാടിൽ ദുരൂഹതയുണ്ട്. ഈ പദ്ധതിയിൽ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം നടന്നിട്ടില്ല. കേരളത്തിൽ പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിലെ പാത ശക്തിപ്പെടുത്തിയും വികസിപ്പിച്ചും അതിവേഗ ട്രെയിൻ ഓടിക്കാമെന്നിരിക്കേ 34,000 കോടി രൂപയുടെ വായ്പയുടെ പിന്നിലെ ഉദ്ദേശമെന്താണെന്ന് അറിയില്ല. ഈ പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേയുടെ നിലപാടെന്ന് മനസ്സിലാക്കുന്നു. ഇത്രയും വലിയ തുക വായ്‌പയെടുക്കുമ്പോൾ അതെങ്ങനെ തിരിച്ചടക്കും? എങ്ങനെ ഇതിനുള്ള വരുമാനം കണ്ടെത്തും? കേരളത്തിന്റെ സാഹചര്യവും ജനങ്ങളുടെ താത്പര്യവും സർക്കാർ മനസ്സിലാക്കണം. ഈ പദ്ധതി കേരത്തിന് ആവശ്യമില്ല. എന്നാൽ പദ്ധതിക്കെതിരെ കേന്ദ്രത്തിൽ താൻ സമ്മർദ്ദം ചെലുത്തില്ല. ജനങ്ങൾക്കൊപ്പം നിൽക്കും. പരിസ്ഥിതിയോടിണങ്ങിയ പദ്ധതികൾ മാത്രം മതി. 

കൊടിക്കുന്നിൽ സുരേഷിൻ്റെ വാക്കുകൾ -
കെ - റയിൽ സി.പി.എമ്മിനു മാത്രം താത്പര്യമുള്ള പദ്ധതിയാണ്. ഈ പദ്ധതിയിൽ സി.പി.എമ്മിന് ഇരട്ടിത്താപ്പ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രയിനെ എതിർത്തവരാണ് സി.പി.എം നേതൃത്വം. പശ്ചിമ ബംഗാളിൽ നിന്ന് ഫണ്ട് വരാതായതോടെ സി.പി.എം നല്ല കമ്മീഷൻ കിട്ടുന്ന പദ്ധതിയിലേക്ക് തിരിയുകയാണ്. കെ.റയിൽ എന്നാൽ കമ്മീഷൻ റയിൽ പദ്ധതിയെന്നാണ് ഉദ്ദേശിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പാർട്ടി ഫണ്ടാണ് കെ റെയിലിലൂടെ ലക്ഷ്യമിടുന്നത്. കെ.റയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ സി.പി.എം തകരും. മറ്റൊരു നന്ദിഗ്രാമായി കെ റയിൽ മാറും.