കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റിന് പിന്നാലെ എന്‍ഐഎയും മന്ത്രി കെ ടി ജലീലില്‍ നിന്ന് മൊഴി എടുക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. എന്‍ഐഎ തന്നെയെും ചോദ്യം ചെയ്യുമോയെന്ന് പിണറായിക്ക് പേടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജി അനിവാര്യമെന്നും ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.