കൊച്ചി: ഏറെ വിവാദമായ പൊലീസ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ആർഎസ്പിയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചു. ആർഎസ്പിക്ക് വേണ്ടി ഷിബു ബേബി ജോൺ, എഎ അസീസ്, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹ‍ർജി നൽകിയത്. 

ബിജെപിക്കായി പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് ആക്ടിലെ വിവാദമായ ഭേ​ദ​ഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹർജികളിലേയും ആവശ്യം. പുതിയ പൊലീസ് ആക്ടിൻ്റെ പേരിൽ പിണറായി സ‍ർക്കാരിനെതിരെ പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമ‍ർശനം ഉയരുന്നതിനിടെയാണ് കോടതിയിലേക്ക് കൂടി പൊലീസ് ആക്ട് എത്തുന്നത്. 

പുതിയ നിയമത്തോടെ പൊലീസിനെ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്യത്തെ അടിച്ചമർത്താനും മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുമാണ് ശ്രമമെന്നാണ് ഹർജികളിലെ ആരോപണം.