തിരുവനന്തപുരം: ബിജെപി-ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിജെഎസ് നേതാക്കള്‍ വ്യക്തമാക്കി.

ഈഴവ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം ചില ജില്ലകളില്‍ ബിഡിജെ എസുമായി നിലനില്‍ക്കുന്ന അകല്‍ച്ച ഒഴിവാക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെയുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ല തിരിച്ചാണ് ചര്‍ച്ച. 

ബിഡിജെഎസ് ജില്ലാനേതാക്കളെ കൂടാതെ തുഷാര്‍ വെള്ളാപള്ളിയും ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവക്കാന്‍ സുഭാഷ് വാസുവിനോട് ആവശ്യപ്പെടണമെന്ന് ജില്ലാനേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അല്ലത്ത പക്ഷം നിയനടപടികളുമായി മുന്നോട്ട് പോകാനാണ് ബിഡിജെഎസ് നേതാക്കളുടെ തീരുമാനം.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനവും സജീവ ചര്‍ച്ചയായി. എല്ലാവാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എന്‍ഡിഎ തീരുമാനം. പൊതുസമ്മതരും പരിഗണനയില്‍ ഉണ്ട്. ചവറ ഉപതെരഞ്ഞെടുപ്പും ഉഭയ കക്ഷി ചര്‍ച്ചയില്‍ മുഖ്യവിഷയമായി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി തന്നെ ചവറയില്‍ മത്സരിക്കാനും തീരുമാനമായി. ജില്ലയില്‍ നിന്നുള്ള യുവനേതാക്കള്‍ക്കാണ് മുഖ്യപരിഗണന.

തദ്ദേശ ഭരണ സ്ഥപാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡിഎയിലെ മറ്റ് ഘടക കക്ഷികളുമായും ബിജെപി ഉടന്‍ ചര്‍ച്ചനടത്തും. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബിഡിജെഎസ് നേതാക്കളുമായി അടുത്തദിവസം ചര്‍ച്ചനടക്കും.