Asianet News MalayalamAsianet News Malayalam

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോര്‍ജ്‌ (83) ശനിയാഴ്ചയാണ് മരിച്ചത്

BJP councillor who blocks cremation of Covid patient booked
Author
Kottayam, First Published Jul 27, 2020, 7:57 AM IST

കോട്ടയം: മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ മൃതദേഹം വന്‍ പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്കരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോര്‍ജ്‌ (83) ശനിയാഴ്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോർജ്ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ തദ്ദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ബിജെപി വാർഡ് കൗൺസിലർ ഹരികുമാറിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാർ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി പ്രതിഷേധിച്ചത്. ഇവർ റോഡിൽ കുത്തിയിരുന്നു. 

കൊവിഡ് ബാധിതന്റെ മൃതദേഹം ശ്മശാനത്തിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധം മണിക്കൂറുകൾ നീണ്ട അനുനയ നീക്കത്തിനൊടുവിലാണ് അവസാനിച്ചത്. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

Follow Us:
Download App:
  • android
  • ios