കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ വിവാദത്തില്‍. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിനാണ് ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലര്‍ എൻ കെ പ്രേമചന്ദ്രന്‍റെ ചിത്രം പതിച്ച ഫ്ലക്സ് സ്ഥാപിച്ചത്. കൗൺസിലറോട് ബിജെപി ജില്ലാ നേതൃത്വം വിശദീകണം ആവശ്യപ്പെട്ടു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ട് വന്നത് എൻ കെ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം നിലനില്‍‍ക്കെയാണ് പുതിയ വിവാദം. കൊറ്റംങ്കര ഇരുപതാം വാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിനാണ് കൗണ്‍സിലര്‍ ശിവാനന്ദൻ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. നാടിന് നല്ലത് ചെയ്തത് ആരായാലും അയാൾക്ക് അഭിനന്ദനം അറിയിക്കേണ്ടതാണെന്നായിരുന്നു വിവാദത്തോടുള്ള ശിവാനന്ദന്‍റെ പ്രതികരണം.

ഫ്ലക്സ് ബോര്‍ഡ് വച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് ആക്ഷേപം. സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തരമാണ് പുറത്ത് വന്നതെന്നും അവര്‍ ആരോപിക്കുന്നു. ആസൂത്രിത നീക്കമാണ് ഫ്ലക്സിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു. ഫ്ലക്സ് ബോര്‍ഡിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപിയുടെയും ആരോപണം. കൗണ്‍സിലറോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേമചന്ദ്രന് ഒരു തരത്തിലുള്ള പിന്തുണയുമില്ലെന്നും ബിജെപി വ്യക്തമാക്കി.

ഫ്ലക്സ് വന്നതോടെ ബിജെപി - പ്രേമചന്ദ്രൻ ബന്ധത്തിന് കൂടുതല്‍ തെളിവായെന്നാണ് സിപിഎം ആരോപിക്കുന്നത്. വിവാദമായതോടെ ഫ്ലക്സില്‍ ബിജെപി എന്നെഴുതിയിരുന്ന ഭാഗം മായ്ച്ച് പൗരസമിതി എന്നാക്കി മാറ്റിയിട്ടുണ്ട്.