ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല . എവിടെയാണ് മനുഷ്യാവകാശ കമ്മീഷൻ ? എവിടെ നീതി പീഠങ്ങൾ ?ഏതെങ്കിലും ചെറുപ്പക്കാരൻ പോലീസിന്‍റെ  കയ്യാൽ കൊല്ലപ്പെടും വരെ നിങ്ങളൊക്കെ മൗനത്തിന്‍റെ   വാല്മീകത്തിൽ ഒളിച്ചിരിക്കുമോയെന്നും ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: നികുതി ഭീകരതക്കെതിരെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുന്നതിനെകിരെ കടുത്ത പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് . ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല . എവിടെയാണ് മനുഷ്യാവകാശ കമ്മീഷൻ ? എവിടെ നീതി പീഠങ്ങൾ ? ഏതെങ്കിലും ചെറുപ്പക്കാരൻ പോലീസിന്റെ കയ്യാൽ കൊല്ലപ്പെടും വരെ നിങ്ങളൊക്കെ മൗനത്തിന്‍റെ വാല്മീകത്തിൽ ഒളിച്ചിരിക്കുമോയെന്നും അദ്ദേഹം പേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു. കൊല്ലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ഫോട്ടോ പങ്ക് വച്ചാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി കോഴിക്കോട്ട ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐ ജിജീഷിനെതിരെയാണ് ബിജെപി ജില്ലാ നേതാക്കള്‍ കൊലവിളി നടത്തിയത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി വീശാൻ ശ്രമിച്ചവരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിലായിരുന്നു കൊലവിളി പ്രസംഗം.പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പൊലീസ് വധഭീഷണിക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. വൈഷ്ണവേഷിനെ തടഞ്ഞുവച്ച് മർദ്ദിച്ച നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിട്ടുണ്ട്.